ഓട്ടോ എക്സ്പോ 2020: കാർപ്രേമികൾ കാത്തിരിക്കുന്ന ആ 40 കാറുകൾ ഇവയാണ്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 20 Views
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്സ്പോ 2020 ൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട മോഡലുകൾ
ലോകമൊട്ടാകെയുള്ള കാർ നിർമ്മാതാക്കളുടെ ഏറ്റവും പുതിയ മോഡലുകളുമായി വിസ്മയം തീർക്കാനൊരുങ്ങുകയാണ് ഓട്ടോ എക്സ്പോ 2020. കാത്തിരിക്കുന്ന മോഡലുകൾ കണ്ണുനിറയെ കാണാൻ കാർപ്രേമികൾ പാടുപെടുമെന്നുറപ്പ്! ഓട്ടോ എക്സ്പോ 2020 ൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട 40 കാറുകൾ ഇവയാണ്.
കിയ ക്യുയുഐ
ഇന്ത്യയ്ക്ക് വേണ്ടി കിയ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണ് സബ്-4എം എസ്‌യുവിയായ ക്യുയുഐ. ഹുണ്ടായ് വെണ്യൂ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ക്യുയുഐ അതേ എഞ്ചിൻ കരുത്തുമായാണ് എത്തുന്നത്. 2020 ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ പ്രീ-പ്രൊഡക്ഷൻ അരങ്ങേറ്റമായിരിക്കും ഓട്ടോ എക്സ്പോ 2020 ൽ നടക്കുക.
കിയ കാർണിവൽ
ഫെബ്രുവരി 5 നാണ് കിയ കാർണിവൽ പ്രീമിയം എംപിവി ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്നത്. സെൽട്ടോസിന്റെ പിന്തുടർച്ചക്കാരനായ കാർണിവൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഒരു പടി മുകളിലാണ്. വിലയാകട്ടെ 30 ലക്ഷത്തിന് താഴെയും!
കിയ സെൽട്ടോസ് എക്സ്-ലൈൻ കൺസെപ്റ്റ്
അർബൻ എസ്‌യുവിയായാണ് സെൽട്ടോസ് അവതരിച്ചതെങ്കിലും കഴിഞ്ഞ വർഷം കിയ കസ്റ്റം ബിൽട്ട് ഓഫ്‌റോഡിംഗ് പതിപ്പുകൾ അമേരിക്കൻ വിപണിയിൽ പരീക്ഷിച്ചിരുന്നു. എക്സ്-ലൈൻ കൺസെപ്റ്റ് എന്ന പേരിൽ അറിയപ്പെട്ട ഈ വേരിയന്റ് എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമാകും.
ഹ്യുണ്ടായ് ക്രെറ്റ 2020
ഹ്യുണ്ടായ് ക്രെറ്റ കോംപാക്റ്റ് എസ്‌യുവിയുടെ രണ്ടാം തലമുറയുടെ ഇന്ത്യയിലെ അരങ്ങേറ്റവും ഓട്ടോ എക്സ്പോ 2020 ലുണ്ടാകും. മുൻവശത്തും പിൻവശത്തും പുതുപുത്തൻ രൂപവും അപ്ഡേറ്റ് ചെയത ബിഎസ്6 എഞ്ചിനും പരിഷ്ക്കരിച്ച ഉൾവശവുമായാണ് ക്രെറ്റ 2020 എത്തുന്നത്. പുതിയ ക്രെറ്റ 2020 മാർച്ചോടെ ഇന്ത്യൻ നിരത്തുകളിൽ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റ്
പേരു സൂചിപ്പിക്കുന്നത് പോലെ വെർണയുടെ മെയ്ക്കോവർ പതിപ്പാണ് വെർണ ഫേസ്‌ലിഫ്റ്റ്. രൂപം മിനുക്കുന്നതോടൊപ്പം ബിഎസ്6 എഞ്ചിനും കണക്ടഡ് കാർ ടെക്നോളജിയും ഫേസ്‌ലിഫ്റ്റിനുണ്ടാകും. 2020 മാർച്ചിലാണ് ഹ്യുണ്ടായ് ഇന്ത്യൻ വിപണിയിൽ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുന്നത്.
ഹ്യുണ്ടായ് ടക്സൺ ഫേസ്‌ലിഫ്റ്റ്
ഇന്ത്യയിൽ ഹ്യുണ്ടായുടെ തുറുപ്പുചീട്ടാണ് ടക്സൺ. ഈ വർഷം ഈ ജനപ്രിയ മോഡലിനും ഫേസ്‌ലിഫ്റ്റ് ലഭിക്കും. പുതിയ ബിഎസ്6 എഞ്ചിനുള്ള ടക്സൺ ഫേസ്‌ലിഫ്റ്റ് എക്സ്പോയിൽ എത്തിയില്ലെങ്കിലും 2020 മാർച്ചിൽ വിപണിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് എൻ-ലൈൻ
കടുത്ത മത്സരമുള്ള ഇന്ത്യയുടെ ഹാച്ച് സെഗ്മെന്റിലേക്കുള്ള ഹ്യുണ്ടായുടെ ചുവടുവപ്പാണ് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള ഗ്രാൻഡ് ഐ10 നിയോസ്. പുതിയ എൻ-ലൈൻ വേരിയന്റ് 100 പിഎസ് കരുത്തുമായാണ് എത്തുക. 2020 മാർച്ചിൽ ഹ്യുണ്ടായ് ഈ മോഡൽ വിപണിയിലിറക്കും.
ഹ്യുണ്ടായ് ല ഫിൽ റൂഷ് കൺസെപ്റ്റ്
2018 ജനീവ മോട്ടോർ ഷോയിലെ മിന്നും താരമായിരുന്നു ഹ്യുണ്ടായ് ല ഫിൽ റൂഷ്. സ്പോർട്ടി ലുക്കും നാലു ഡോറുകളുമുള്ള ഈ സുന്ദരി കൂപ്പെയുടെ പുറം അഴകളവുകൾ തികഞ്ഞതാണ്. ഉൾവശമാകട്ടെ, മിനിമലിസ്റ്റിക് ഡിസൈന്റെ ഭംഗിയോടൊപ്പം പുതിയ സാങ്കേതിക വിദ്യകളും ഇണക്കിച്ചേർത്തിരിക്കുന്നു.
മാരുതി ഫ്യൂച്ചുറോ-ഇ
മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് കാറാണ് ഫ്യൂച്ചുറോ-ഇ. നെക്സൺ ഇവിയുടെ എതിരാളിയെന്ന നിലയിൽ മാരുതി അവതരിപ്പിക്കാനിരിക്കുന്ന പ്രൊഡക്ഷൻ സ്പെക് മോഡലിന്റെ മുൻഗാമി കൂടിയാണ് ഫ്യൂച്ചുറോ-ഇ. എന്നാൽ ഹ്യുണ്ടായ് കോണ ഇലക്ട്രിക്, എംജി ഇസെഡ്‌എസ് ഇവി എന്നീ മോഡലുകൾക്ക് ഫ്യൂച്ചുറ ഭീഷണിയായേക്കില്ല. വരാനിരിക്കുന്ന മാരുതി എസ്‌യുവികളുടെ രൂപം സംബന്ധിച്ച ദിശാസൂചനയും ഫ്യൂച്ചുറ-ഇ നൽകും.
മാരുതി വിറ്റാര ബ്രെസ ഫേസ്‌ലിഫ്റ്റ്
2016 ൽ ആദ്യമായി പുറത്തിറങ്ങിയതിന് ശേഷം വിറ്റാര ബ്രെസയ്ക്ക് ലഭിക്കുന്ന ആദ്യ ഫേസ്‌ലിഫ്റ്റാണ് ഈ മോഡൽ. രൂപഭാവങ്ങളിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളുവെങ്കിലും പ്രധാന മാറ്റം ബോണറ്റിനടിയിലാണ്, ബ്രെസയുടെ ആദ്യത്തെ പെട്രോൾ എഞ്ചിൻ! മാരുതി വിറ്റാര ബ്രെസ ഫേസ്‌ലിഫ്റ്റ് എക്സ്പോയിൽ ഔദ്യോഗികമായി പുറത്തിറങ്ങും.
മാരുതി എസ്-ക്രോസ് പെട്രോൾ
മാരുതിയുടെ പെട്രോൾ എഞ്ചിനുമായി എത്തുന്ന മറ്റൊരു മോഡലാണ് എസ്-ക്രോസ്. എഞ്ചിൻ മാറ്റമുണ്ടെങ്കിലും രൂപമാറ്റം ഉണ്ടാവില്ലെന്നാണ് സൂചന. മാരുതി എർടിഗയിലും സിയാസിലും പരീക്ഷിച്ച ബിഎസ്6 1.5 ലിറ്റർ കെ 15ബി യൂണിറ്റാകും എസ്-ക്രോസ് പെട്രോളിനും കരുത്തുപകരുക.
മാരുതി ഇഗ്നിസ് ഫേസ്‌ലിഫ്റ്റ്
മാരുതി നെക്സ ഡീലർഷിപ്പ് ശൃംഗലയിലെ എൻട്രി ലെവൽ മോഡലായ ഇഗ്നിസിനും ഫേസ്‌ലിഫ്റ്റ് നൽകുകയാണ് കമ്പനി. മുൻവശത്ത് പുത്തൻ മുഖവുമായാണ് 2020 ഇഗ്നിസ് എത്തുന്നത്. എന്നാൽ മറ്റു ഭാഗങ്ങളിലും ഫീച്ചറുകളിലും കാര്യമായ വ്യത്യാസമുണ്ടാകാൻ ഇടയില്ല.
മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ്
ബിഎസ്6 യുഗത്തിൽ ഡീസൽ എഞ്ചിനുകളെ കൈയ്യൊഴിയുകയാണ് മാരുതി. കൂടുതൽ ഇന്ധന ക്ഷമത നൽകുന്ന, കരുത്തുള്ള ഹൈബ്രിഡ് വാഹനങ്ങളിലാണ് കമ്പനിയുടെ നോട്ടം. സ്വിഫ്റ്റ് ഹൈബ്രിഡാകട്ടെ ഈ ദിശയിൽ അൽപ്പം കൂടി മുന്നോട്ടുപോയി സമ്പൂർണ ഇവി മോഡുമായാണ് എത്തുന്നത്. മാരുതി ഇതുവരെ ഈ മോഡൽ എവിടേയും അവതരിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
ടാറ്റ ഗ്രാവിറ്റാസ്
ഹാരിയർ എസ്‌യുവിടെ ഏഴു സീറ്റുള്ള വേരിയന്റാണ് ഗ്രാവിറ്റാസ്. രൂപഭാവങ്ങളിൽ ഹാരിയറുമായി അടുത്ത സാമ്യം പുലർത്തുമ്പോഴും ഒരു വരി അധിക സീറ്റിനായി പുതുക്കിയ പിൻവശവുമായാണ് ഗ്രാവിറ്റാസിന്റെ വരവ്. 2019 ജനീസ് മോട്ടോർ ഷോയിൽ ഈ മോഡൽ ബസ്സാർഡ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി ടാറ്റയുടെ എസ്‌യുവി ശ്രേണിയെ നയിക്കുക ഗ്രാവിറ്റാസ് ആയിരിക്കും.
ടാറ്റ ഹാരിയർ 2020
പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ഹാരിയറിന് പുതിയ ഫീച്ചർ അപ്ഡേറ്റുകൾ നൽകുകയാണ് ടാറ്റ ഹാരിയർ 2020 യിലൂടെ. മിഡ്-സൈസ് എസ്‌യുവിയായ ഹാരിയർ ബിഎസ്6 ഡീസൽ എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ, വലിയ ടയറുകൾ, പനോരമിക് സൺറൂഫ് എന്നിവയുമായാണ് എത്തുന്നത്.
ടാറ്റ അൽട്രോസ് ഇവി
ഇവി ശ്രേണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങുകയാണ് ടാറ്റ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ അൽട്രോസിന്റെ ഇലക്ട്രിക് വേർഷനിലൂടെ. എക്സ്പോയിൽ അൽട്രോസ് ഇവിയുടെ പ്രി-പ്രൊഡക്ഷൻ വേർഷനായിരിക്കുൻ കമ്പനി അവതരിപ്പിക്കുക. 300 കിമീ ദൂരപരിധി ഉറപ്പു നൽകുന്ന അൽട്രോസ് 2021 ആദ്യം പുറത്തിറങ്ങാനാണ് സാധ്യത.
ടാറ്റ എച്ച്2എക്സ്
2019 ജനീവ മോട്ടോർ ഷോയിൽ ടാറ്റ അവതരിപ്പിച്ച എച്ച്2എക്സ് മോഡലിന്റെ പ്രി-പ്രൊഡക്ഷൻ വേർഷനാണ് മോട്ടോ എക്സ്പോയിൽ എത്തുക. മൈക്രോ എസ്‌യുവി വിഭാഗത്തിൽപ്പെടുന്ന എച്ച്2എക്സിന് നെക്സണേക്കാൻ വലിപ്പം കുറവാണ്. റെനോ ക്വിഡായിരിക്കും വിപണിയിൽ ഈ മോഡലിന്റെ പ്രധാന എതിരാളി. എച്ച്2എക്സ് 2020 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന.
മഹീന്ദ്ര എക്സ്‌യുവി500 ഇവി കൺസപ്റ്റ്
മഹീന്ദ്രയുടെ ഓട്ടോ എക്സ്പോ പവലിയനിലെ പ്രധാന ആകർഷണമാകാൻ പോകുന്നത് ഇലക്ട്രിക് മോഡലുകളുടെ ഒരു വലിയ ശ്രേണിയായിരിക്കും. ഇക്കൂട്ടത്തിൽ പ്രധാനിയാണ് ഇവി കൺസപ്റ്റ് ടു പ്രിവ്ര്യൂ മോഡലായെത്തുന്ന പുതിയ തലമുറക്കാരൻ എക്സ്‌യുവി500.
മഹീന്ദ്ര എക്സ്‌യുവി300 ഇവി
2020 എക്സ്പോയിൽ എക്സ്‌യുവി500 ഇവി പുതിയ കൺസപ്റ്റ് മോഡലായി എത്തുമ്പോൾ എക്സ്‌യുവി300 ഇലക്ട്രിക് പ്രി-പ്രൊഡക്ഷൻ വേർഷനായാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. നെക്സൺ ഇവിയുടെ എതിരാളിയായി വിശേഷിപ്പിക്കപ്പെടുന്ന എക്സ്‌യുവി300 ഒരു ആൾ-ഇലക്ട്രിക്, സബ്-4എം എസ്‌യുവിയാണ്. 300 കിമീയാണ് എക്സ്‌യുവി300 വാഗ്ദാനം ചെയ്യുന്ന ദൂരപരിധിയെന്നാണ് സൂചന.
മഹീന്ദ്ര ഇകെയുവി100
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹന ശ്രേണിയിലെ ഒന്നാമനാണ് ഇകെയുവി100. ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഇവി എന്ന പേരിലെത്തുന്ന ഈ മോഡലിന്റെ വില 9 ലക്ഷം രൂപ, സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പെടെ, മുതൽ മുകളിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എംജി ഹെക്റ്റർ 6 സീറ്റർ
മൂന്ന് നിര സീറ്റുകളുമായി സ്വന്തം പേരിലാണ് എംജി ഹെക്ടർ മിഡ്-സൈസ് എസ്‌യുവി 2020 എക്സ്പോയിലെത്തുന്നത്. എംജി ക്യാപ്റ്റൻ സീറ്റുകൾ മധ്യത്തിലുള്ള വരിയിൽ വരുന്ന രീതിയിൽ ഹെക്റ്ററിനെ 6 സീറ്ററായി മാറ്റിയിരിക്കുകയാണ്. 2020 ആദ്യ പകുതിയോട് കൂടി എംജി ഹെക്റ്റർ 6 സീറ്റർവിപണിയിൽ ലഭ്യമാകും.
എംജി ഗ്ലോസ്റ്റർ
മാക്സസ് ഡി90ന്റെ ഇന്ത്യയിലെ പേരാണ് എംജി ഗ്ലോസ്റ്റർ. എംജി ശ്രേണിയിലെ പ്രീമിയം, മൂന്ന് നിര, ബോഡി ഓൺ ഫ്രെയിം എസ്‌യു-വിയായ ഗ്ലോസ്റ്റർ ടൊയോട്ട ഫോർച്ച്യൂണർക്കും ഫോർഡ് എൻഡീവറിനും വെല്ലുവിളി ഉയർത്തും. 2020 പകുതിയോടെയാണ് എംജി ഗ്ലോസ്റ്റർ ഇന്ത്യൻ വിപണിയിലെത്തുക.
എംജി ജി10 എംപിവി
ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് കടുത്ത എതിരാളിയായി എംജി അവതരിപ്പിക്കുന്ന മൂന്ന് നിര എസ്‌യുവിയും എംപിവിയുമായ എംജി ജി10 എന്ന മാക്സസ് ജി10. 10 പേരെവരെ ഉൾപ്പൊള്ളാവുന്ന വിവിധ സീറ്റിംഗ് ലേഔട്ടുകൾ സാധ്യമായ ഗ്ലോബൽ സ്പെക് മോഡലുമായാണ് എംജി എക്സ്പോയിൽ എത്തുക. റിലീസ് തിയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എംജി ജി10 ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമായേക്കും.
എംജി വിഷൻ-ഐ കൺസപ്റ്റ്
എംജിയുടെ എസ്‌യുവി ശ്രേണിയിലെ പ്രധാനിയാകും എംജി വിഷൻ-ഐ എന്ന പേരിലെത്തുന്ന കൺസപ്റ്റ് മോഡൽ. ഇലക്ട്രിക് മൊബിലിറ്റിയ്ക്കൊപ്പം വിഷൻ-ഐ എന്നു വിളിക്കുന്ന ഓട്ടോണമസ് കേപബിലിറ്റിയുമുള്ള എംജി മോഡലാണിത്. എംപിവി രൂപഭാവങ്ങളോടൊപ്പം ഒരു അർബൻ എസ്‌യുവിയുടെ ഗ്രൌണ്ട് ക്ലിയറൻസും എംജി വിഷൻ-ഐയ്ക്കുണ്ട്. എംജിയുടെ 5ജി മികവിന് ഒരു ഉദാഹരണമായിരിക്കും വിഷൻ-ഐ എന്നാണ് കരുതപ്പെടുന്നത്.
എംജി മാർവൽ എക്സ്
എംജിയുടെ സഹോദര ബ്രാൻഡായ റൂവ് മാർവൽ എക്സ് എന്ന പേരിൽ ചില രാജ്യങ്ങളിൽ അവതരിപ്പിച്ച മോഡലാണ് മാർവൽ എക്സ്. പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽപ്പെടുന്ന മാർവൽ എക്സിന് സെമി-ഓട്ടോണമസ് ഡ്രൈവിംഗ് സഹായിയും ഒപ്പം 400 കിമീ ദൂരപരിധിയും ഉണ്ടാകും.
എംജി ആർസി-6
എംജിയുടെ സഹോദര ബ്രാൻഡായ ബൌജൺ ചൈനയിലാണ് ആദ്യം എംജി ആർസി-6 പുറത്തിറക്കിയത്. വോൾവോ എസ്60 യെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ആർസി-6 ന്റേത്. സെഡാന്റെ രൂപവും സ്ലോപ്പിംഗുള്ള റൂഫ്‌ലൈനും ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസുമാണ് ഈ സാദൃശ്യത്തിന് കാരണം. ഒരു ക്രോസോവർ കൂപ്പെ എന്ന് വിശേഷിപ്പിക്കാവുന്ന എംജി ആർസി-6 2021 ഓടെ ഇന്ത്യൻ വിപണിയിലുമെത്തും.
റെനോ എച്ച്‌ബിസി
റെനോ സബ്-4എം സെഗ്മെന്റിലേക്ക് കടന്നു കയറാൻ ശ്രമിക്കുകയാണ് എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന എച്ച്‌ബിസിയിലൂടെ. എച്ച്‌ബിസി എന്ന കോഡ് ഉപയോഗിച്ച് കമ്പനി വിളിക്കുന്ന ഈ മോഡൽ മുമ്പ് നിരവധി തവണ പരീക്ഷിച്ചിരുന്നു. 2020 രണ്ടാം പകുതിയിലാണ് എച്ച്‌ബിസി പുറത്തിറങ്ങുക.
റെനോ ട്രൈബർ 1.0-എൽ ടർബോ & എഎംടി
1.0 ലിറ്റർ പെട്രോൾ എഞ്ചിനും, 5 സ്പീഡ് മാന്വലും സിംഗിൾ പവർട്രെയിൻ ഓപ്ഷനുമായാണ് റെനോ ആദ്യം ട്രൈബർ സബ്-4എം എംപിവി പുറത്തിറക്കിയത്. ഇത്തവണ എക്സ്പോയിൽ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനോടൊപ്പം ഒരു എഎംടിയുമുള്ള ട്രൈബർ അപ്ഡേറ്റാണ് റെനോ അവതരിപ്പിക്കുന്നത്. ട്രൈബർ മാർച്ച് 2020 ഓടു കൂടി എഎംടിയും തുടർന്ന് പുതിയ എഞ്ചിനും സ്വന്തമാക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.
റെനോ സൂ
യൂറോപ്യൻ മാർക്കറ്റിനായി റെനോ പുറത്തിറക്കിയ ഇലക്ട്രിക് കോംപാക്ട് ഹാച്ച്ബാക്കാണ് റെനോ സൂ. ഫ്രെഞ്ച് കാർ നിർമ്മാതാക്കളുടെ ഇവി നിർമ്മാണ മികവിന്റെ ഉദാഹരണമായാണ് ഈ ജനപ്രിയ ഇവി കാർ ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാൽ റെനോ സൂ ഇന്ത്യയിൽ ലഭ്യമായേക്കില്ല എന്നാണ് സൂചന.
റെനോ ക്വിഡ് ഇലക്ട്രിക്
ജനപ്രിയ മോഡലായ ക്വിഡിനെ അടിസ്ഥാനമാക്കി റെനോ 2019 ൽ മറ്റൊരു കോംപാക്ട് ഇവി അവതരിപ്പിച്ചിരുന്നു. ചൈനയിൽ സിറ്റി കെ-ഇസെഡ്‌ഇ എന്ന പേരിലും ഈ മോഡൽ അറിയപ്പെടുന്നു. പഴയ എൻഇഡിസി സൈക്കിൾ അടസ്ഥാനമാക്കി 279 കിമീ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന ക്വിഡ് ഇലക്ട്രിക് റെനോയുടെ വാഹന ശ്രേണിയിലെ ബഡ്ജറ്റ് ഇവിയായിരിക്കും.
സ്കോഡ വിഷൻ ഐഎൻ കൺസപ്റ്റ്
സ്കോഡ തങ്ങളുടെ ആദ്യ മെയ്ഡ് ഫോർ ഇന്ത്യ എസ്‌യുവിയായ വിഷൻ ഐഎൻ കൺസപ്റ്റുമായാണ് എക്സ്പോയിൽ എത്തുന്നത്. വിഡബ്ലു ഗ്രൂപ്പിന്റെ എംക്യുബി എ0 പ്ലാറ്റ്ഫോമിന്റെ ഇന്ത്യൻ പതിപ്പാണ് ഈ മോഡൽ എന്നു പറയാം. കോംപാക്ട് എസ്‌യുവി എന്ന് കമ്പനി വിശേഷിപ്പിക്കുന്ന വിഷൻ ഐഎൻ ഹ്യുണ്ടായ് ക്രെറ്റയ്ക്കും കിയ സെൽട്ടോസിനും വെല്ലുവിളിയാകും. 2021 ലാണ് സ്കോഡ വിഷൻ ഐഎൻ പുറത്തിറക്കുക.
സ്കോഡ റാപിഡ് ടിഎസ്‌ഐ
സ്കോഡ ഇന്ത്യൻ വിപണിയ്ക്ക് വേണ്ടി അവതരിപ്പിച്ച എൻട്രി ലെവൽ മോഡലാണ് റാപിഡ്. പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി ബിഎസ്6 യുഗത്തെ വരവേക്കാൻ ഒരുങ്ങിയാണ് റാപിഡ് ടിഎസ്‌ഐയുടെ വരവ്. ഇതോടെ നിലവിൽ നിരത്തുകളിലുള്ള 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എഞ്ചിനുകളുടെ സ്ഥാനം പുതിയ ടർബോ എഞ്ചിൽ ഏറ്റെടുക്കും.
സ്കോഡ ഒക്ടാവിയ വിആർഎസ്245
സ്കോഡയുടെ പുതു തലമുറ ഒക്ടാവിയയായ വിആർഎസ്245 2020 അവസാനത്തോടു കൂടി ഇന്ത്യയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള ഒക്ടാവിയകൾക്ക് ബിഎസ്6 എഞ്ചിനുകളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയേക്കില്ല. അതിനാൽ എക്സ്പോയിൽ വിആർഎസ്245 ലിമിറ്റഡ് എഡിഷൻ പെർഫോർമൻസ് വേരിയന്റുകൾ അവതരിപ്പിച്ച് ഒക്ടാവിയ ശ്രേണിയ്ക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകാനാണ് സ്കോഡ ഒരുങ്ങുന്നത്.
സ്കോഡ കരോക്ക്
വിവിധ ലോക വിപണികൾക്കായുള്ള സ്കോഡയുടെ നിലവിലുള്ള കോംപാക്ട് എസ്‌യുവിയാണ് കരോക്ക്. പരുക്കൻ പ്രകടനത്തിനും 4ഡബ്ല്യുഡി ഡ്രൈവ്ട്രെയിനും പേരുകേട്ട കരോക്ക് യെറ്റിയുടെ പിൻഗാമി കൂടെയാണ്. സ്കോഡയുടെ ഇന്ത്യാ സ്പെക്ക് എസ്‌യുവിയുടെ ഡിസൈനെക്കുറിച്ച് സൂചന നൽകാനും കരോക്ക് സഹായിച്ചേക്കും. എക്സ്പോയ്ക്ക് തൊട്ടുപിന്നാലെ കരോക്ക് വിപണിയിൽ ലഭ്യമാകുമെന്നാണ് സൂചന.
വോക്സ്‌വാഗൻ ടി-റോക്
വരാനിരിക്കുന്ന എസ്‌യുവികളുടെ നീണ്ട നിരയുമായാണ് വോക്സ്‌വാഗൻ എക്സ്പോയിൽ എത്തുന്നത്. കോംപാക്ട് എസ്‌യുവിയായ ടി-റോകിന്റെ പ്രധാന ആകർഷണങ്ങൾ കൂപ്പെ സ്റ്റൈലിംഗും പ്രീമിയം ഫീച്ചേർസുമാണ്. ടിഗ്വാൻ പോലുള്ള മോഡലുകൾക്ക് തൊട്ടുതാഴെയായിരിക്കും 2020 പകുതിയോടെ പുറത്തിറങ്ങുന്ന ടി-റോകിന്റെ സ്ഥാനം.
വോക്സ്‌വാഗൻ എ0 എസ്‌യുവി
വോക്സ്‌വാഗന്റെ അപ്രതീക്ഷിത നീക്കങ്ങളിൽ ഒന്നായിരുന്നു ചെറു എസ്‌യുവിയായ എ0യുടെ ലോകത്തെ ആദ്യ പ്രദർശനം ഓട്ടോ എക്സ്പോയിൽ നടക്കും എന്നത്. സ്കോഡ വിഷൻ ഐഎൻ പോലെതന്നെ എ0 പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി രൂപം നൽകിയതാണ് വോക്സ്‌വാഗൻ എ0 എസ്‌യുവി. 202 രണ്ടാം പാദത്തിൽ ഈ മോഡൽ വിപണിയിലെത്തും.
ജിഡ്ബ്ലുഎം ഹവാൽ എഫ്7
ചൈനീസ് കാർ നിർമ്മാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുകയാണ് ഈ ഓട്ടോ എക്സ്പോയിലൂടെ. ഹവാൽ എഫ്7 എന്ന മോഡലാണ് കമ്പനി ഇന്ത്യയ്ക്കായി അവതരിപ്പിക്കുക എന്നാണ് സൂചന. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽപ്പെടുന്ന ഹവാൽ എഫ്7 എംജി ഹെക്ടറിനും ടാറ്റ ഹാരിയറിനും എതിരാളിയാകും.
ജിഡ്ബ്ലുഎം ഓറ ആർ1
എക്സ്പോയിലെ ജിഡ്ബ്ലുഎമ്മിന്റെ പ്രധാന ആകർഷണം ഓറ ആർ1 എന്ന മോഡലായിരിക്കും. ചൈനയിൽ ആദ്യമായി പുറത്തിറക്കിയപ്പോൾ ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ഇവി, സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പെടെ, എന്ന പേരിൽ ഈ മോഡൽ വൻ ജനപ്രീതി നേടിയിരുന്നു. സാങ്കേതിക മികവും 300 കിമീയിൽ കൂടുതൽ ദൂരപരിധിയുമുള്ള ചെറു ഇവി എന്ന പേരിലാണ് ഓറ ആർ1 ഇന്ത്യയിലെത്തുന്നത്.
മെഴ്സിഡസ് ബെൻസ് ഇക്യുഎ
മെഴ്സിഡസ് ബെൻസ് പതിവുപോലെ ഓട്ടോ എക്സ്പോയിലെ ഏതാനും ലക്ഷ്വറി കാർ ബ്രാൻഡുകളിൽ ഒന്നാണ്. കമ്പനി അടുത്തിടെയാണ് തങ്ങളുടെ ഇലക്ട്രിക് കാറുകൾക്കായുള്ള ഇക്യു ഡിവിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. എക്യുസി ഇലക്ട്രിക് എസ്‌യുവിയാണ് ഈ വിഭാഗത്തിൽ ആദ്യമെത്തിയത്. ഇക്യുഎയാകട്ടെ ബെൻസിന്റെ കൺസെപ്റ്റ് കോംപാക്ട് മോഡലാണ്.
മെഴ്സിഡസ് ബെൻസ് എഎംജി ജിടി 4 ഡോർ കൂപ്പെ
കേൾവികേട്ട അഫൽടെർബാക്കിൽ നിന്നുള്ള 4 ഡോർ സ്പീഡ്സ്റ്റെർ ആദ്യാ ഇന്ത്യയിലെത്തുകയാണ് ഓട്ടോ എക്സ്പോയിലൂടെ. 4.0 ലിറ്റർ ബൈ ടർബോ വി8 എഞ്ചിന്റെ കരുത്തുമായെത്തുന്ന എഎംജി ജിടി 4 ഡോർ കൂപ്പെയ്ക്ക് 639പിഎസും 900എൻഎമ്മും സ്വന്തം. പോഷെ പാനമെറ ടർബോയ്ക്ക് എതിരാളിയാകുമെന്ന് കരുതപ്പെടുന്ന കൂപ്പെ 2021 ൽ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും.