എസ്എച്ച്‌വിഎസ് ഹൈബ്രിഡ് ടെക്നോളജിയുമായി സുസൂക്കി ഇഗ്നിസ്; വിശദ വിവരങ്ങൾ ഓൺലൈനിൽ
മാരുതി സുസൂക്കി ഇഗ്നിസിന്റെ വിവരങ്ങൾ ഓൺലൈനിൽ വന്നുകഴിഞ്ഞു. മൈക്രോ എസ്യുവി സെഗ്മെന്റിലേക്കുള്ള മാരുതിയുടെ ഈ ഉപഹാരം, വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. എസ്യുവികളുടെ വർദ്ധിച്ച് വരുന്ന ജനപ്രീതി കണക്കിലെടുത്ത്, താഴേ സെഗ്മെന്റിൽ എസ്യുവി ഫീൽ നൽകുന്ന വാഹനങ്ങൾ ഇറക്കാൻ നിർമ്മാതാക്കൾ പരിശ്രമിക്കുകയാണ്. എൻട്രി ലെവൽ സെഗ്മെന്റിൽ ഇറങ്ങിയ റെനോ ക്വിഡ്ഡാണ് ഈ പ്രവണതയ്ക്ക് തുടക്കമിട്ടത്. എസ്യുവി മേക്കർ എന്ന് അറിയപ്പെടുന്ന മഹീന്ദ്ര, കെയുവി100 ഇറക്കിയതോടെ മൈക്രോ എസ്യുവി എന്ന ഒരു പുതിയ സെഗ്മെന്റ് രൂപപ്പെട്ടു. 2016 പകുതിയോടെ ലോഞ്ച് ചെയ്യുന്ന ഇഗ്നിസ് കെയുവി100നോടാകും മൽസരിക്കുന്നത്.
എഞ്ചിൻ
പുറത്തായ വിവരങ്ങൾ പ്രകാരം, പെട്രോൾ എഞ്ചിനാകും ഇഗ്നിസിൽ ഉപയോഗിക്കുക. സുസൂക്കിയുടെ എസ്എച്ച്‌വിഎസ് ഹൈബ്രിഡ് ടെക്നോളജി പെട്രോൾ മില്ലിനൊപ്പം ഉപയോഗിക്കുന്നു എന്നതാണ് ഇഗ്നിസിന്റെ പ്രത്യേകത. 1.25 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിൻ പുറപ്പെടുവിക്കുന്ന 89.75 ബിഎച്ച്പി പവറിനൊപ്പം ഇലക്ട്രിക് മോട്ടോറിന്റെ 3 ബിഎച്ച്പി പവറും വാഹനത്തിന് ഉണ്ടാകും. ഒരു 2ഡബ്ള്യൂഡി സിസ്റ്റത്തിലോട്ടാകും ഈ പവർ കൈമാറുന്നത്. എന്നാൽ സുസൂക്കിയുടെ ആൾഗ്രിപ് 4ഡബ്ള്യൂഡി സിസ്റ്റം ഓപ്ഷനും ഇഗ്നിസ് അവതരിപ്പിക്കുന്നുണ്ട്. എസ്എച്ച്‌വിഎസ് ടെക്നോളജി സ്റ്റാൻഡേർഡ് ഫീച്ചറായി എല്ലാ വേരിയന്റുകളിലും അവതരിപ്പിക്കുന്നുണ്ട്.
സൈസ്
3700 മില്ലീമീറ്റർ നീളവും, 1660 മില്ലീമീറ്റർ വീതിയും, 1595 മില്ലീമീറ്റർ ഉയരവുമുള്ള ഇഗ്നിസിന്റെ വീൽബേസ് 2435 മില്ലീമീറ്ററാണ്. 258 ലിറ്റർ ബൂട്ട്‌വോളിയം, റിയർ ബെഞ്ച് മടക്കിയാൽ 415 ലിറ്ററാകും. ഇഗ്നിസിന്റെ ഇൻഡ്യൻ മാർക്കറ്റിലെ എതിരാളി മഹീന്ദ്ര കെയുവി100മായി നമ്മുക്ക് ഇതിനെ താരതമ്യം ചെയ്യാം. 3675 മില്ലീമീറ്റർ നീളവും, 1715 മില്ലീമീറ്റർ വീതിയും, 1655 മില്ലീമീറ്റർ ഉയരവുമാണ് കെയുവി100ന്റെ ഡൈമൻഷൻസ്. വീൽബേസ് 2385 മില്ലീമീറ്ററും, ബൂട്ട്‌വോളിയം 243 ലിറ്ററുമാണ്. റിയർ ബെഞ്ച് മടക്കിയാൽ ബൂട്ട്‌വോളിയം 473 ലിറ്ററാകും.
ഫീച്ചറുകൾ
പുറത്തറിഞ്ഞ വിവരങ്ങൾ പ്രകാരം, കൂടുതൽ ലെഗ്‌റൂം നൽകുന്ന അഡ്ജസ്റ്റബിൾ റിയർ സീറ്റുകൾ ഇഗ്നിസിൽ ഉണ്ടാകും. യുഎസ്ബി ബ്ളൂടൂത്ത് കണക്ടിവിറ്റി, ക്ളൈമറ്റ് കൺട്രോൾ എയർ കണ്ടീഷനിങ്ങ് സിസ്റ്റം എന്നിവയും കാറിലുണ്ടാകും.
4 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയ്ക്കാകും ഇഗ്നിസിന്റെ ഇൻഡ്യയിലെ വില. നെക്സാ ഡീലർഷിപ്പുകൾ വഴിയാകും വാഹനം ഇവിടെ വിൽക്കുന്നത്.