സ്കോഡ വിഷൻ ഇൻ കൺസെപ്റ്റ് കാർ വിവരങ്ങൾ പുറത്ത് വന്നു. 2021 ൽ പുറത്തിറങ്ങുന്ന വിഷൻ ഇൻ, കിയാ സെൽറ്റോസ്,ഹ്യുണ്ടായ് ക്രെറ്റ എന്നിവയ്ക്ക് എതിരാളിയാകും
യൂറോപ്പ് മാർക്കറ്റിനായുള്ള കാമിക് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായാണ് സ്കോഡ വിഷൻ ഇൻ മോഡൽ ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുക. കാമിക്കിന്റേത് പോലുള്ള പരുക്കൻ മുൻവശമാണ് സ്‌കോഡയ്ക്കും നൽകിയിരിക്കുന്നത്.
-
വിഷൻ ഇൻ മോഡൽ എസ്.യു.വി, സെൽറ്റോസിനും ക്രെറ്റയ്ക്കും ഫോക്സ് വാഗൺ ടൈഗുനും എതിരാളിയാകും.
-
10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,9.2 ഇഞ്ച് ടച്ച് സ്ക്രീൻ എന്നിവ പ്രതീക്ഷിക്കാം.
-
വിപണിയിലിറക്കുമ്പോൾ ടർബോ ചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എൻജിൻ, CNG വേരിയന്റ് എന്നിവ ഉണ്ടാകും.
-
2021 രണ്ടാം ക്വാർട്ടറിൽ ലോഞ്ച് ചെയ്യുന്ന ഈ കാറിന്റെ വില 10 ലക്ഷം രൂപയിൽ തുടങ്ങും എന്നാണ് പ്രതീക്ഷ.
ഫോക്സ് വാഗൺ-സ്കോഡ മീഡിയ നൈറ്റ് ഇവെന്റിലാണ് ഈ കാർ സംബന്ധിച്ച വിവരങ്ങൾ സ്കോഡ പുറത്ത് വിട്ടത്. വിഷൻ ഇൻ എസ് യു വി കൺസെപ്റ്റ് കാർ പ്രാദേശികമായ മാറ്റങ്ങൾ വരുത്തിയ MQB A0 ഇൻ പ്ലാറ്റ്ഫോമിലാണ് നിർമിക്കുക. ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ള ചിത്രങ്ങളിൽ കാണുന്ന ഡിസൈൻ 80-85 ശതമാനം നിലനിർത്തി കൊണ്ടാകും വിപണിക്കായുള്ള മോഡൽ എത്തുക. 2021 ഏപ്രിലിൽ ഈ മോഡൽ സ്കോഡ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
ഡിസൈൻ നോക്കുകയാണെങ്കിൽ ക്ലാസിക് സ്‌കോഡയുടെ പല അംശങ്ങളും കാണാം. മൾട്ടി സ്ളാറ്റ് ഗ്രിൽ, ഒതുങ്ങിയ LED ഹെഡ്ലാമ്പുകൾ,ഡേ ടൈം റണ്ണിങ് ലാമ്പുകൾ, അതിനോട് ചേർന്ന് ഫോഗ് ലാമ്പുകൾ എന്നിവ കാണാം. ഫ്രണ്ട് ബമ്പറിൽ വലിയ എയർ ഡാമുകളും സ്കിഡ് പ്ലേറ്റും കാണാം. പരന്ന വീൽ ആർച്ചുകൾ,റൂഫ് റയിലുകൾ,കറുത്ത സൈഡ് ക്ലാഡിങ്, ശക്തമായ ഷോൾഡർലൈൻ ലുക്ക് എന്നിവയും ഉണ്ട്. പിന്നിൽ നോക്കുകയാണെങ്കിൽ വിഷൻ ഇന്നിൽ തലതിരിഞ്ഞ എൽ ഷേപ്പിലുള്ള LED ടെയിൽ ലൈറ്റുകളും ബൂട്ട് ലിഡിന്റെ മുകളിൽ സ്‌കോഡയുടെ പേരും എഴുതിയിട്ടുണ്ട്. സ്കോഡ കാമിക്കിന്റെ കൂടുതൽ പരുക്കൻ വേർഷൻ എന്ന് വേണമെങ്കിൽ വിഷൻ ഇന്നിനെ വിശേഷിപ്പിക്കാം.
ഇന്റീരിയറിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,ഫ്ലോട്ടിങ് 9.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയുണ്ട്. ലെതർ അപ്ഹോൾസ്റ്ററിയും ഓറഞ്ച് ആക്‌സെന്റുകളും ക്യാബിനിൽ മൊത്തം കാണാം. കാമിക്,സ്കാല എന്നിവയുടെ ഡാഷ്ബോർഡ് പോലുള്ളവയാകും ഇതിനുണ്ടാകുക.
ബി.എസ് 6 അനുസൃത 1.0 ലിറ്റർ TSI എൻജിൻ പഴയ 1.2 ലിറ്റർ ടർബോ പെട്രോൾ മോഡലിന് പകരക്കാരൻ ആകും. പൂർണമായും ഇന്ത്യയിൽ ഉണ്ടാക്കുന്ന എൻജിൻ ആയിരിക്കും ഇത്. 115PS/200Nm പവർ നൽകുന്ന ഈ എൻജിൻ മാനുവൽ, DSG ഓട്ടോമാറ്റിക് (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക്) ഓപ്ഷനുകളിൽ ലഭിക്കും. CNG വേരിയന്റും സ്കോഡ ഇറക്കാൻ സാധ്യതയുണ്ട്.
ഹ്യൂണ്ടായ് ക്രെറ്റ,കിയാ സെൽറ്റോസ്,നിസ്സാൻ കിക്സ്,ഫോക്സ് വാഗൺ ഇതേ പ്ലാറ്റ്ഫോമിൽ ഇറക്കുന്ന പുതിയ മോഡൽ എന്നിവയോടാണ് സ്കോഡ വിഷൻ ഇൻ മത്സരിക്കുക. 10 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.