ഓഡ് ഈവൻ ഫോർമുല കാര്യക്ഷമമാക്കാൻ ഡൽഹി ഗവൺമെന്റ് 4000 ബസുകൾ ഇറക്കുന്നു
ജയ്പൂർ: കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന ഓഡ് ഈവൻ ഫോർമുലയുടെ പ്രായോഗികവശം മനസ്സിലാക്കുന്നില്ല എന്ന പേരിൽ വിമർശനങ്ങൾ നേരിടുകയാണ് ഡൽഹി സർക്കാർ. കാറുകൾ വിലക്കി, പൊതുഗതാകതം ഊർജ്ജിതമാക്കാൻ 4000 ബസുകളാണ് സർക്കാർ പുതുതായി ഇറക്കുന്നത്. ഇതിനായി ഡൽഹി കോൺട്രാക്ട് ബസ് അസ്സോസിയേഷനുമായി (ഡിസിബിഎ) സർക്കാർ ധാരണയിൽ എത്തിയിരിക്കയാണ്.
“ഡൽഹി കോൺട്രാക്ട് ബസ് അസ്സോസിയേഷൻ (ഡിസിബിഎ) മെമ്പർമാരുമായി സെക്രട്ടേറിയേറ്റിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി വിശദാംശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം ജനുവരി 1 മുതൽ 15 വരെയുള്ള കാലയളവിൽ 4000 അധിക ബസുകൾ റോഡിൽ ഇറങ്ങും. ഈ ബസുകൾ എല്ലാം തന്നെ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ബസുകൾ ആയിരിക്കും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി പ്രത്യേകം കമ്മിറ്റിയും രൂപീകരിച്ചുകഴിഞ്ഞു,” ഡൽഹി സർക്കാർ ഗതാകത മന്ത്രി ഗോപാൽ റായി പറയുകയുണ്ടായി. പൊതുഗതാകതത്തിനായി ബസുകൾ വിട്ടുനൽകാൻ ഡൽഹിയിലെ പ്രൈവറ്റ് സ്കൂളുകളുമായി സർക്കാർ ചർച്ചയിലാണ്; ബസുകൾ എല്ലാം ഡൽഹി ട്രാൻസ്പോർട്ട് കമ്മ്യൂണിക്കേഷൻ (ഡിറ്റിസി) ന്റെ കീഴിലാകും പ്രവർത്തിക്കുക എന്നും അദേഹം പറഞ്ഞു.
ഡൽഹിയിൽ ആദ്യമായി നടപ്പിലാക്കുന്ന കാറുകൾക്കുള്ള നിയന്ത്രണം, 6 ദിവസങ്ങൾക്ക് മുൻപാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഓഡ് നമ്പർ (ഒറ്റ സംഖ്യ) രജിസ്ട്രേഷൻ പ്ളേറ്റുള്ള കാറുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും, ഈവൻ നമ്പർ (ഇരട്ട സംഖ്യ) രജിസ്ട്രേഷൻ പ്ളേറ്റുള്ള കാറുകൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ റോഡിലിറങ്ങാൻ അനുവാദമുള്ളൂ. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയുള്ള ഈ വിലക്ക് ഞായറാഴ്ചകളിൽ ബാധകമല്ല. ഇനിയും രൂപപ്പെടുത്താനുള്ള ഈ നിയമത്തിൽ, ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് ഇളവ് ലഭിക്കുമെന്നാണ് പറയുന്നത്. ഡൽഹിയിൽ ജീവിക്കുന്നത് ഗ്യാസ് ചേമ്പറുകളിൽ ജിവിക്കുന്നത് പോലെയെന്ന് പറഞ്ഞ ഡൽഹി ഹൈ കോർട്ട് വിധിക്ക്, ഉടൻ മറുപടി നൽകിക്കൊണ്ടാണ് വിലക്ക് പ്രഖ്യാപനം ഉണ്ടായത്. പരീക്ഷണാടിസ്ഥാനത്തിലാകും 15 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തുന്നതെന്നും, ഇതിന്റെ പ്രതികരണം അറിഞ്ഞിട്ടാകും ഭാവി തിരുമാനമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.