കിയാ കാർണിവൽ ലിമോസിൻ: ഫസ്റ്റ് ഡ്രൈവ് റിവ്യൂ
Published On ഫെബ്രുവരി 21, 2020 By nabeel for കിയ കാർണിവൽ 2020-2023
- 30.9K Views
- Write a comment
കുറെ കാലമായി പ്രീമിയം എംപിവി എന്നാൽ ടൊയോട്ട ഇന്നോവ എന്നതായിരുന്നു ഉത്തരം. ഇനി അതിന് മാറ്റമുണ്ടാകും.
ആരാണ് കിയാ? എന്ന ചോദ്യം ഇപ്പോൾ ആഹാ! കിയ ആണല്ലോ? എന്ന ചോദ്യമായി മാറിയിരിക്കുന്നു. കിയയുടെ സെൽറ്റോസ് എന്ന കാറിന്റെ ലോഞ്ച് നടന്നതിന് ശേഷം ഈ കമ്പനിയുടെ പേര് കാർ പ്രേമികൾക്കിടയിൽ സുപരിചിതമായിരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റയെ പിന്തള്ളി വിപണി കീഴടക്കാൻ സെൽറ്റോസിന് അധിക കാലം വേണ്ടി വന്നില്ല. അതിനാൽ തന്നെ കിയ ഇറക്കുന്ന കാറുകളെ കുറിച്ച് വലിയ പ്രതീക്ഷ തന്നെ ഉണ്ട്.പ്രതീക്ഷകൾക്ക് ഒത്ത് എത്തുന്ന കാർണിവൽ ആയിരിക്കും ഇനി മുതൽ കിയയുടെ ഇന്ത്യയിലെ മുൻനിര കാർ.
കാർണിവലിനെ ഒരു നോട്ടം നോക്കുമ്പോൾ തന്നെ നമ്മൾ അത്ഭുതം കൂറും. വലുത് എന്നല്ല വമ്പൻ എന്ന് പറയേണ്ടി വരും. പ്രീമിയം എന്ന് പറഞ്ഞാൽ പോരാ. ലക്ഷ്വറി എന്ന് തന്നെ പറയണം. കൂടുതൽ സ്ഥല സൗകര്യം എന്നല്ല, ഒരു സ്റ്റുഡിയോ ഫ്ലാറ്റ് ഓൺ വീൽ എന്ന് തന്നെ പറയണം! എന്താണ് ഈ കിയാ കാണിവൽ? ആർക്ക് വേണ്ടിയുള്ള കാറാണിത്?
രൂപം
ടൊയോട്ട ഇന്നോവയെ മറന്നേക്കൂ. ടൊയോട്ട ഫോർച്യൂണർ,ഫോർഡ് എൻഡവർ എന്നിവയെക്കാൾ നീളമുള്ളതും വീതിയുള്ളതുമായ കാറാണ് കാർണിവൽ. ഇവയെക്കാൾ താഴ്ന്ന വീൽബേസ് ഉള്ളതിനാൽ റോഡിൽ മികച്ച ലുക്ക് ആണ് കാർണിവലിന്. LED പ്രൊജക്ടർ ഹെഡ്‍ലാംപുകൾ,ഡേ ടൈം റണ്ണിങ് ലാംപുകൾ,സെൽറ്റോസിലെ പോലെ ഐസ് ക്യൂബ് പോലുള്ള ഫോഗ് ലാംപുകൾ എന്നിവ ഉള്ളതിനാൽ കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. അലൂമിനിയം പോലുള്ള ഫിനിഷിൽ നൽകിയിരിക്കുന്ന വലിയ ഗ്രിൽ ക്ലാസ്സിക് ലുക്ക് നൽകുന്നു.
വശങ്ങളിൽ നിന്ന് നോക്കിയാൽ നീളമുള്ള വീൽബേസ് കാണാം. ഇത് കാർണിവലിന് ഒരു ലിമോസിൻ ലുക്ക് നൽകുന്നുണ്ട്. വലിയ വിൻഡോകൾ ഫ്ലോട്ടിങ് റൂഫ് എഫക്ട് നൽകി കാർണിവലിനെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു. 18-ഇഞ്ച്(235/60 ആർ18) വീലുകൾക്ക് ചിതറി തെറിക്കുന്ന പോലുള്ള ക്രോം ഫിനിഷ് നൽകിയിട്ടുണ്ട്. ഇത് വളരെ വില കൂടിയ ഫിനിഷ് ആണെന്നും ദീർഘകാലം ഇത് മങ്ങാതെ നിൽക്കുമെന്നും കിയാ അവകാശപ്പെടുന്നു.എന്നാലും പോറലുകൾ ഇട്ടാൽ ഫിനിഷ് കുറെ ഇളകി പോകുമെന്ന് തീർച്ച. റൂഫ് റയിലുകൾ നൽകിയിരിക്കുന്നതിനാൽ കാർണിവൽ കൂടുതൽ ഉയരം തോന്നിക്കും.
പിന്നിൽ നോക്കിയാൽ ക്ലാസിക് ഡിസൈൻ ദൃശ്യമാകും. LED ടെയിൽ ലാമ്പുകൾ, അവയെ ചെറുതായി കണക്ട് ചെയ്യുന്ന ക്രോം സ്ട്രിപ്പ് എന്നിവ കാണാം.ഒരു വലിയ വാൻ എന്നതിൽ നിന്നൊക്കെ കൂടുതലായി സ്റ്റൈലിഷും ആളുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതുമായൊരു എംപിവിയാണ് കാർണിവൽ.
ഇന്റീരിയർ
രണ്ടാം നിര
ഞങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്തത് കാർണിവലിന്റെ ലിമോസിൻ എന്ന വേരിയന്റായിരുന്നു. വിഐപി 7-സീറ്റർ മോഡലായാണ് ഈ വേരിയന്റ് എത്തുന്നത്. അതിനാൽ തന്നെ രണ്ടാം നിരയിലാണ് ഈ വേരിയന്റിൽ കാർണിവലിന്റെ പൊതുവായ സവിശേഷതകൾ തുടങ്ങുന്നത്. കാർ കീയിലെ ബട്ടൺ ഉപയോഗിച്ചോ ഡോർ ഹാൻഡിൽ ബട്ടൺ ഉപയോഗിച്ചോ ഡോറുകൾ സ്ലൈഡ് ചെയ്ത് തുറക്കാം. ഡോർ ഹാൻഡിൽ വലിച്ചും സ്ലൈഡിങ് ഫങ്ക്ഷൻ നടത്താം. എസ് യു വി പോലെ ഉയർന്ന വണ്ടി അല്ലാത്തതിനാൽ പ്രായമായവർക്ക് അനായാസം വണ്ടിയിൽ കയറാനും ഇറങ്ങാനും സാധിക്കും.
ക്യാപ്റ്റൻ സീറ്റുകൾ വി ഐ പി സീറ്റുകൾ എന്നാണ് കാർണിവലിൽ അറിയപ്പെടുന്നത്. വലുപ്പമേറിയതും കുഷ്യൻ ചെയ്തതും നാപ്പാ ലെതർ പൊതിഞ്ഞതുമായ സീറ്റുകൾക്ക് ആ പേര് തീർത്തും അനുയോജ്യമാണ്. സുഖകരമായ ഹെഡ്റെസ്റ്റുകൾ കൂടിയാകുമ്പോൾ ഉറക്കം എളുപ്പമാകും.പിന്നിലേക്ക് മാത്രമല്ല വശങ്ങളിലേക്കും സ്ലൈഡ് ചെയ്ത് നീക്കാവുന്ന സീറ്റുകളാണ് ഇവ. പിന്നിലേക്ക് കൂടുതലായി ഇറക്കുമ്പോൾ വശങ്ങളിലെ ബോഡി പാലുകളിൽ തട്ടാതിരിക്കാനാണ് ഈ സംവിധാനം. ലെഗ് റെസ്റ്റും നൽകിയിട്ടുണ്ട്. റിക്ലൈനെർ പോലെ സുഖകരമായ ഇരിപ്പ് ഉറപ്പാക്കാം!
എന്നിരുന്നാലും ഈ സൗകര്യത്തിൽ ചെറിയ ഒരു കുറവുണ്ട്. മുഴുവനായി സ്ട്രെച്ച് ചെയ്താലും മുൻ സീറ്റുകളിൽ കാൽ ചെന്ന് തട്ടും. അതിനാൽ ലെഗ് റെസ്റ്റിന്റെ ഉപയോഗം പൂർണമായും നടത്താൻ ആവില്ല. ഫൂട്ട് റെസ്റ്റ് മടക്കി വച്ചാൽ 40 ലക്ഷത്തിനകത്ത് വില വരുന്ന കാറുകളിൽ ഏറ്റവും ബെസ്റ്റ് ക്യാപ്റ്റൻ സീറ്റുകൾ കാർണിവലിൽ ഉള്ളത് തന്നെയാണെന്ന് നിസംശയം പറയാം.
ഈ സീറ്റുകളിൽ ഇരുന്ന് വലിയ വിൻഡോകളിൽ കൂടി പുറത്തെ വ്യൂ കാണാം. തുറക്കാവുന്ന(വി-ക്ലാസ്സിൽ ഈ സൗകര്യം ഇല്ല) ഈ വിൻഡോകളിൽ മാനുവൽ സൺബ്ലൈൻഡും നൽകിയിട്ടുണ്ട്. പിന്നിലെ യാത്രക്കാർക്കും ക്ലൈമറ്റ് കൺട്രോൾ നടത്താം. ക്യാബിന്റെ മുകളിൽ വലത് വശത്തായി ഒരു പാനൽ നൽകിയിട്ടുണ്ട്. വലിയ ക്യാബിൻ സ്പേസ് തണുപ്പിക്കാൻ റൂഫ്-മൗണ്ട് ചെയ്ത എ.സി വെന്റുകളും എല്ലാ നിരയിലും കിയ നൽകിയിട്ടുണ്ട്.\
രണ്ടാം നിരയിലുള്ള യാത്രക്കാർക്കായി ടച്ച് സ്ക്രീൻ സൗകര്യവും നൽകിയിരിക്കുന്നു. 10.1-ഇഞ്ച് സ്‌ക്രീനുകളിൽ HDMI,AV-IN എന്നീ ഇൻപുട്ടുകൾ നൽകാം. സ്മാർട്ട് ഫോൺ മിററിങ്ങും നടത്താം. ഓഡിയോ ഔട്പുട്ടുകൾ കാറിലെ മ്യൂസിക് സിസ്റ്റത്തിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ച് നൽകാം. അല്ലെങ്കിൽ പേർസണൽ ഹെഡ്‍ഫോണിലേക്ക് 3.5എംഎം ജാക്ക് ഉപയോഗിച്ചും എടുക്കാം. രണ്ട് സ്‌ക്രീനുകളും ഇൻഡിപെൻഡന്റ് യൂണിറ്റുകളാണ്. അതിനാൽ ഓരോരുത്തർക്കും ഇഷ്ടവിനോദങ്ങൾ ആസ്വദിക്കാം.
ഈ സൗകര്യങ്ങളിൽ സ്മാർട്ട് ഫോൺ ബാറ്ററി വേഗത്തിൽ ചാർജ് പോകും എന്നതിനാൽ USB പോർട്ടും 220V ലാപ്ടോപ്പ് ചാർജറും പിന്നിൽ നൽകിയിരിക്കുന്നു. ഈ സൗകര്യം മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ്സിൽ പോലും ഇല്ല!
മൊത്തത്തിൽ നോക്കിയാൽ നീണ്ട നിര ഫീച്ചറുകളും റിക്ലൈനെർ സീറ്റുകളും കൊണ്ട് രണ്ടാം നിരയിൽ മികച്ച യാത്ര അനുഭവമാണ് കാർണിവൽ നൽകുന്നത്; അതും ഈ വിലയിൽ.
മൂന്നാം നിര
മൂന്നാം നിര നോക്കിയാലും സ്പേസിലും കംഫോർട്ടിലും മികച്ച അനുഭവം തന്നെയാണ് കിയാ കാർണിവൽ. നടുവിലെ സീറ്റുകൾ സ്ലൈഡ് ചെയ്തും ക്യാപ്റ്റൻ സീറ്റുകൾക്കിടയിലൂടെയും അവസാന നിര സീറ്റുകളിലേക്ക് എത്താം. ആവശ്യത്തിന് ഹെഡ്റൂമും മുട്ട് വയ്ക്കാനുള്ള നീ റൂമും നൽകിയിട്ടുണ്ട്. കാലുകൾ മുൻപിലത്തെ സീറ്റുകൾക്ക് അടിയിലേക്ക് കയറ്റി വയ്ക്കാനും സാധിക്കും. മൂന്ന് യാത്രക്കാർക്കും പ്രത്യേകം ഹെഡ് റെസ്‌റ്റും മാനുവൽ റിക്ലൈനിങ്ങും നൽകിയിട്ടുണ്ട്. ഇത് ഇരിപ്പ് സുഖകരമാക്കും. ക്യാബിൻ വീതി കൂടുതലായതിനാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ നിരയിൽ സുഖകരമായി യാത്ര ചെയ്യാം.
ഫീച്ചറുകൾ നോക്കിയാൽ എ.സി വെന്റുകൾ, വലിയ വിന്‍ഡോകൾക്ക് സൺ ബ്ലൈൻഡുകൾ,കപ്പ് ഹോൾഡറുകൾ എന്നിവയും നൽകിയിട്ടുണ്ട്. 12V സോക്കറ്റും സ്മാർട്ട് ഫോൺ ചാർജിങ്ങിനായി നൽകിയിരിക്കുന്നു. മുകളിൽ ഒന്നല്ല, രണ്ട് സൺ റൂഫുകൾ ഉണ്ട്. നടുവിൽ ഉള്ള സൺ റൂഫ് വളരെ വലുതാണ്.
ഡ്രൈവറുടെ സീറ്റ്
പിന്നിൽ ഒരുപാട് സൗകര്യങ്ങൾ ഒരുക്കുന്നതിനിടയിൽ കിയ,ഡ്രൈവർ സീറ്റിനെ മറന്നിട്ടില്ല. ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ തന്നെ ഒരു വലിയ കാറിന്റെ ഫീൽ നമുക്ക് ലഭിക്കും. വലിയ കാറിന്റേതായ ഗുണനിലവാരവും കാണാം. ഉയർന്ന ഡ്രൈവിംഗ് പൊസിഷനും വലിയ ഗ്ലാസ് ഏരിയ ഉള്ളതും ഡ്രൈവർക്ക് എല്ലായിടത്തേക്കും മികച്ച വ്യൂ നൽകുന്നു. ക്യാബിൻ വളരെ വലുതായതിനാൽ യാത്രക്കാരിൽ നിന്ന് വളരെ അകലെയാണ് ഡ്രൈവറുടെ സ്ഥാനം. ഡാഷ്ബോർഡിൽ സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നു.സ്റ്റിയറിംഗ്,ഗിയർ നോബ് എന്നിവ ലെതർ പൊതിഞ്ഞിട്ടുണ്ട്. ഡാഷ് ബോർഡിലും ഡോറിലും വുഡ് അക്‌സെന്റുകൾ നൽകിയിട്ടുണ്ട്. മറ്റെല്ലാ സീറ്റുകൾ പോലെ തന്നെ നല്ല കുഷ്യൻ ഉള്ള സീറ്റ് തന്നെയാണ് ഡ്രൈവർക്കും നൽകിയിരിക്കുന്നത്. ദീർഘദൂര യാത്രകളിൽ ഡ്രൈവർ കംഫോർട്ടബിൾ ആയിരിക്കും.
ഫീച്ചറുകൾ നോക്കിയാൽ വെന്റിലേഷൻ ഉള്ള ഡ്രൈവർ സീറ്റ്,ക്രൂയിസ് കണ്ട്രോൾ,മൂന്ന് സോൺ ക്ലൈമറ്റ് കണ്ട്രോൾ,ഓട്ടോ ഡേ-നൈറ്റ് IRVM എന്നിവ നൽകിയിട്ടുണ്ട്.10 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റിൽ ടിൽറ്റ് ആൻഡ് ടെലിസ്കോപിക് അഡ്ജസ്റ്റ്‌മെന്റ് സാധ്യമാണ്. 8-ഇഞ്ച് ടച്ച് സ്ക്രീൻ നൽകിയിരിക്കുന്ന സ്ഥലം ഡ്രൈവർ സീറ്റിൽ നിന്ന് കുറച്ച് ദൂരെയാണ് എന്നതാണ് ഇവിടെ ഒരു കുറവായി തോന്നുന്നത്. ഡ്രൈവ് ചെയ്ത് കൊണ്ട് നിയന്ത്രിക്കാൻ അത്ര എളുപ്പമാകില്ല ഈ ടച്ച് സ്ക്രീനിന്റെ പൊസിഷൻ. എന്നാൽ ബട്ടണുകൾ കൈ എത്തും ദൂരത്ത് തന്നെ നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് ഓട്ടോ,ആപ്പിൾ കാർ പ്ലേ എന്നിവ പിന്തുണയ്ക്കുന്ന കാർ ആണിത്. വയർലസ് ആപ്പിൾ കാർ പ്ലേ,വയർലസ് ഫോൺ ചാർജർ എന്നിവയും പ്രവർത്തിപ്പിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനായി ആപ്പിൾ തന്നെ തങ്ങളുടെ ഡിവൈസുകളിൽ ഇവ എനേബിൾ ചെയ്യണം. UVO കണക്ട് ഫീച്ചറുകൾ ഉപയോഗിച്ച് റിമോട്ട് ആയി കാർ സ്റ്റാർട്ട് ചെയ്യാനും,എ.സി ഓൺ ചെയ്യാനും,കാർ ലോക്ക്/അൺലോക്ക് ചെയ്യാനും സാധിക്കും. കാറിൽ നിന്ന് എമർജൻസി/സേഫ്റ്റി കോളുകൾ ചെയ്യാനും സംവിധാനമുണ്ട്.
ഡ്രൈവർ സീറ്റിനടുത്ത് ഒരുപാട് സ്റ്റോറേജ് നൽകിയിട്ടുണ്ട്. വലിയ ഡോർ പോക്കറ്റുകൾ,വലിയ സെന്റർ ആം റസ്റ്റ് സ്റ്റോറേജ്,സൺഗ്ലാസ് ഹോൾഡർ,സെന്റർ കൺസോളിൽ കപ്പ് ഹോൾഡർ എന്നിവയുണ്ട്. നിങ്ങൾ സ്ഥിരമായി കൊണ്ട് നടക്കുന്ന എല്ലാ സാധനങ്ങൾക്കും സ്റ്റോറേജ് നൽകിയിട്ടുണ്ട്.
8-സീറ്റർ
8-സീറ്റർ കാർണിവൽ, ബേസ് വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. അവസാന നിര സീറ്റുകൾ 7-സീറ്റർ പോലെ തന്നെയാണ്. നടുവിലെ സീറ്റുകൾക്ക് മാത്രമാണ് മാറ്റമുള്ളത്. ഇവിടെ നൽകിയിരിക്കുന്ന ക്യാപ്റ്റൻ സീറ്റുകൾ ചെറുതും കൂടുതൽ പരന്നതും ആണ്. നടുവിൽ എടുത്ത് മാറ്റാൻ സാധിക്കുന്ന മൂന്നാമതൊരു സീറ്റും നൽകിയിട്ടുണ്ട്. ഈ സീറ്റുകൾക്ക് ലെഗ് റെസ്റ്റ്, വശങ്ങളിലേക്ക് സ്ലൈഡ് ചെയ്യാനുള്ള സൗകര്യവും എന്നിവയില്ല. ബെഞ്ച് പോലെ ഉള്ള ഈ മൂന്ന് സീറ്റുകളിൽ മൂന്ന് യാത്രക്കാർക്ക് സുഖകരമായി ഇരിക്കാം. രണ്ട് പേർ മാത്രമാണ് ഇവിടെ ഇരിക്കുന്നതെങ്കിൽ നടുവിലെ സീറ്റ് മടക്കി, കപ്പ് ഹോൾഡർ ഉള്ള ആം റസ്റ്റ് ആയി ഉപയോഗിക്കാം. മൂന്നാം നിര സീറ്റുകളിലേക്ക് പോകാൻ ഒരു ലിവർ പൊക്കിയാൽ മതി; രണ്ടാംനിര സീറ്റുകൾ പൊങ്ങി മാറും.
9-സീറ്റർ
കമേഴ്സ്യൽ ഉപയോഗത്തിന് ഈ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഏറെ കൗതുകത്തോടെ നോക്കുന്ന മോഡൽ ആണിത്. ചെറിയ ക്യാപ്റ്റൻ സീറ്റുകൾ നൽകിയിരിക്കുന്നു. സീറ്റുകൾ 4 എണ്ണം ആയി മാറി. ഗ്രൗണ്ടിലേക്ക് കൂടുതൽ താഴ്ന്നിരിക്കുന്ന ഈ സീറ്റുകൾ മറ്റ് രണ്ട് സീറ്റിംഗ് ക്രമീകരണങ്ങളെ വച്ച് നോക്കുമ്പോൾ സൗകര്യം കുറഞ്ഞവയാണ്. ഇതിലെ അവസാന നിര സീറ്റുകൾ ഒരു ബെഞ്ച് പോലെയാണ് നൽകിയിരിക്കുന്നത്(7-സീറ്റർ, 8-സീറ്റർ മോഡലുകളിൽ ഇങ്ങനെ അല്ല). 4 നിരകളിലും യാത്രക്കാർക്ക് ഇരിപ്പ് സുഖകരമാകില്ല. ആളുകളെ കുത്തി തിരുകിക്കയറ്റിയ ഒരു അനുഭവമായിരിക്കും 9-സീറ്ററിൽ. ഒരാൾ ഉയരമുള്ള ആളായാൽ, മറ്റുള്ളവർക്ക് മുട്ട് വയ്ക്കാൻ സ്ഥലം തികയില്ല.
അവസാന നിര മടക്കി വച്ചാൽ വലിയ ഒരു ബൂട്ട് സ്പേസ് ലഭ്യമാകും. അപ്പോൾ ക്യാപ്റ്റൻ സീറ്റുകൾ ആവശ്യത്തിന് പിന്നിലേക്ക് സ്ലൈഡ് ചെയ്ത് വെക്കാം. മുട്ട് വെക്കാനും കൂടുതൽ സ്ഥലം കിട്ടും. എന്നാൽ ഈ കുറവ് കാർണിവലിനെ 9-സീറ്റ് എംപിവി എന്ന നിലയിൽ നിന്നും കൂടുതൽ ബൂട്ട് സ്പേസ് ഉള്ള 6-സീറ്റർ വാൻ എന്ന നിലയിലേക്ക് മാറ്റും.
ബൂട്ട്
വളരെ ആഴമുള്ള ബൂട്ട് സ്പേസ് ആണിതിനുള്ളത്. 540 ലിറ്റർ ബൂട്ട് സ്പേസ്, എല്ലാത്തരം ലഗേജുകളും വഹിക്കാൻ പ്രാപ്തമാണ്. പിന്നിലെ സീറ്റുകൾ രണ്ട് തരത്തിൽ മടക്കി വെക്കാം. ബാക്ക് റസ്റ്റ് മാത്രമായി മടക്കാം. അല്ലെങ്കിൽ സീറ്റ് മൊത്തമായി മടക്കി ഫ്ലോർ ലെവലിൽ എത്തിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ 1624 ലിറ്റർ ലഗേജ് സ്പേസ് ഉണ്ടാകും.
60:40 സ്പ്ലിറ്റിലും ഈ മാറ്റം വരുത്താം. നടുവിലെ സീറ്റുകൾ എടുത്തു മാറ്റാവുന്ന തരത്തിലുള്ളവ അല്ല. എന്നിരുന്നാലും സ്ക്രൂ അഴിച്ച് സീറ്റുകൾ പുറത്തെടുത്താൽ 2759 ലിറ്റർ ലഗേജ് സ്പേസ് ഉണ്ടാകും! ഒരു വീട്ടിലെ മൊത്തം സാധനങ്ങൾ വയ്ക്കാൻ ഈ സ്ഥലം മതിയാകും.
സ്റ്റെപ്പിനി ടയർ എവിടെയാണ് വച്ചിരിക്കുന്നത് എന്ന് ചിന്തിച്ച് വിഷമിക്കേണ്ട. ഡ്രൈവർ സീറ്റിൽ പിന്നിൽ ഫ്ലോറിന്റെ അകത്തായാണ് ഇതിന്റെ സ്ഥാനം. സ്ഥലം ലഭിക്കാൻ മുഴുവൻ സൈസുള്ള അലോയ് വീൽ അല്ല സ്റ്റെപ്പിനി ആയി നൽകിയിരിക്കുന്നത്.
സുരക്ഷ
നിങ്ങളുടെ കുടുംബത്തെ മൊത്തമായി സവാരി ചെയ്യിക്കാൻ സഹായിക്കുന്ന കാർണിവലിൽ സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ, എ ബി എസ് വിത്ത് ഇ ബി ഡി, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ നൽകിയിരിക്കുന്നു. റോൾ ഓവർ മിറ്റിഗേഷൻ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, കോർണറിങ് ബ്രേക്ക് കൺട്രോൾ എന്നിവയും ഉണ്ട്.
എൻജിനും പെർഫോമൻസും
ഡീസൽ എൻജിൻ ഓപ്ഷനിൽ മാത്രമാണ് കിയാ കാർണിവൽ ലഭിക്കുക. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് നൽകിയിരിക്കുന്നത്. എതിരാളികളെ പോലെയല്ലാതെ, ഫ്രണ്ട് വീൽ ഡ്രൈവ് ആണ് കിയാ കാർണിവലിൽ ഉള്ളത്. പെട്രോൾ അല്ലെങ്കിൽ മാനുവൽ മോഡൽ ഇറക്കാൻ ഒരു സാധ്യതയും കാണുന്നില്ല. 2.2 ലിറ്റർ യൂണിറ്റ്, ബി എസ് 6 അനുസൃതമാണ്. 200PS പവറും 440Nm ടോർക്കും പ്രദാനം ചെയ്യും. എൻജിൻ സ്മൂത്തും ശബ്ദം കുറഞ്ഞതുമാണ്. സിറ്റി ഡ്രൈവിനും അനുയോജ്യമായ ഈ എൻജിൻ ജേർക്-ഫ്രീ ആയി മുന്നോട്ട് പോകുന്നുണ്ട്.
ഓവർ ടേക്കിങ് എളുപ്പമാക്കുന്ന ടോർക്കും സ്മൂത്തായ ഡ്രൈവിംഗും, ഡ്രൈവറെയും യാത്രക്കാരെയും ഒരു പോലെ അത്ഭുതപ്പെടുത്തും. കൂടുതൽ ആക്സിലറേഷൻ കൊടുക്കുമ്പോഴും സ്മൂത്തായി പോകുന്ന കാർണിവൽ ഒരു റൈഡിങ് എക്സ്പീരിയൻസ് തന്നെ നൽകുന്നു. ബ്രേക്ക് ഷാർപ്പ് അല്ല. ബ്രേക്ക് ചെയ്യുമ്പോൾ ക്യാബിനകത്തും ഒരു തരത്തിലുമുള്ള കുലുക്കമോ ചാട്ടമോ അനുഭവപ്പെടുന്നില്ല. എന്നാൽ ഇത് സിറ്റി ഡ്രൈവിൽ അഭികാമ്യമെങ്കിലും ഹൈ വേകളിൽ ബ്രേക്കിങ്ങിൽ കുറച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും.
ഞാൻ പറഞ്ഞത് കേട്ട് തെറ്റിദ്ധരിക്കരുത്-ഹൈവേകളിൽ ആവശ്യത്തിനുള്ള ടോർക്കും പവറും നൽകുന്ന കാർ തന്നെയാണ് കാർണിവൽ. എന്നിരുന്നാലും സ്മൂത്ത് ഡ്രൈവിംഗ് അനുഭവം നമ്മളെ കൂടുതൽ മനം മയക്കും എന്നാണ് ഞാൻ ഉദേശിച്ചത്. 100 kmph ൽ 1500 rpm എത്തുന്ന കാർണിവൽ ഒരു ദിവസം കൊണ്ട് തന്നെ മൈലുകൾ താണ്ടാൻ യോഗ്യനാണ്. 8-സ്പീഡ് ടോർക്ക് കോൺവെർട്ടർ സ്മൂത്താണ്. ഗിയർ ഷിഫ്റ്റുകൾ വളരെ പെട്ടെന്നല്ല, എന്നാലും തടസമില്ലാത്തതാണ്.ഇന്നോവയിലും ഫോർച്യൂണറിലും നമ്മൾ കണ്ടതിൽ നിന്ന് മെച്ചപ്പെട്ടതാണ് ഇത്. എന്നാലും എൻഡവറിന് ഒപ്പമെത്താനേ പ്രകടനത്തിൽ കാർണിവലിന് സാധിച്ചിട്ടുള്ളൂ.
റൈഡും ഹാൻഡ്ലിങ്ങും
ഇത്രയും വലുപ്പമുള്ള ഒരു എംപിവിയിൽ നിന്ന് പ്രതീക്ഷിക്കുന്ന റൈഡിങ് സുഖം, കാർണിവൽ അനായാസമായി നൽകുന്നുണ്ട്. നാല് കോർണറുകളിലും ഇൻഡിപെൻഡെന്റ് സസ്പെൻഷൻ നൽകിയിട്ടുണ്ട്(മുന്നിൽ മെക് ഫേഴ്സൺ സ്ട്രട്ടും പിന്നിൽ മൾട്ടി-ലിങ്കും നൽകിയിരിക്കുന്നു). സാധാരണ സ്പീഡ് ബ്രേക്കറുകളിൽ അല്ലെങ്കിൽ പൊട്ടിപൊളിഞ്ഞ റോഡുകളിൽ ഇവ നല്ല കുഷ്യനിങ് നൽകും. 2 ടണ്ണിൽ അധികം ഭാരമുള്ള വണ്ടിയായതിനാൽ ഒരു കാഠിന്യം ആദ്യ ഘട്ടത്തിൽ തോന്നാം. എന്നാലും അതും പതുക്കെ കംഫർട്ടിലേക്ക് മാറുന്നുണ്ട്. ഹൈ വേകളിൽ പോലും ചാട്ടം ഇല്ല ഈ കാറിന്. അത് ദീർഘ ദൂര ഓട്ടങ്ങളിലും സുഖകരമായ സവാരി ഉറപ്പാക്കുന്നു.
ഡ്രൈവർ സീറ്റിൽ നിന്നുള്ള വിസിബിലിറ്റി മികച്ചതാണ്. വശങ്ങളിലേക്ക് പോലും നോട്ടം എത്തുന്ന തരത്തിലാണ് ഗ്ളാസിന്റെ വലുപ്പം. ഇടുങ്ങിയ പാർക്കിംഗ് സ്പേസുകളിൽ വലുപ്പം ഒരു പ്രശ്നമാകാം. അനായാസമായ ടേണിങ് റേഡിയസ് കാർണിവൽ അവകാശപ്പെടുന്നുണ്ട്. ചെറിയ സ്പീഡിൽ യു ടേൺ എടുക്കുമ്പോൾ സ്റ്റിയറിങ് കുറച്ച് ഹെവി ആയി തോന്നും. റിവേഴ്സ് ക്യാമറയും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും കാറിന്റെ വില കൂടിയ പെയിന്റ് ഫിനിഷിൽ പോറലേൽക്കാതെ സംരക്ഷിക്കാൻ സഹായിക്കും.
ഒരു കാര്യം കൃത്യമായി മനസ്സിലാക്കണം- ഇതൊരു വലിയ കാർ ആണെന്ന് ഓർമ്മ വേണം. മുൻവശം കൂടുതൽ പരന്നതാണെങ്കിലും കോർണറുകളിൽ സ്റ്റേബിൾ ആണ്. സ്റ്റീയറിങ് ഹെവിയാണ് എന്നത് ആത്മവിശ്വാസം കൂട്ടും. ബോഡി റോൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാലും അത് കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും. ലെയിൻ മാറി ഓടിക്കുന്നത് പോലും ക്യാബിനിൽ അറിയാൻ സാധിക്കില്ല. ഉയർന്ന കാർ എന്ന നിലയിൽ ഉണ്ടാകാനിടയുള്ള ബോഡി റോൾ എത്ര വളവും തിരിവും ഉള്ള റോഡ് ആണെങ്കിലും, ക്യാബിനിൽ ചലനം സൃഷ്ടിക്കില്ല.
വിധി
ഞങ്ങളുടെ ചെറിയ ദൂരം നടത്തിയ ഡ്രൈവിൽ നിന്ന് മനസ്സിലാകുന്നത്, കിയാ കാർണിവൽ മികച്ച ഫാമിലി കാർ ആണ് എന്നതാണ്. ഏഴുപേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്നത് മാത്രമല്ല, ആ യാത്ര എളുപ്പവും സുഖകരവും ലക്ഷ്വറി നിറഞ്ഞതുമാണ് എന്നതും എടുത്ത് പറയേണ്ടതാണ്. പുതുമയുള്ള എഞ്ചിനീയറിംഗ് സവിശേഷതകൾ വൈവിധ്യമാർന്ന ക്യാബിൻ അനുഭവം നൽകുന്നു. വളരെ എളുപ്പത്തിൽ ഡ്രൈവ് ചെയ്യാവുന്നതും ദീർഘദൂര യാത്രകളിൽ സുഖകരമായ സവാരി ഉറപ്പു നൽകുന്നതും ആയ കാറാണ് കാർണിവൽ. ഇടുങ്ങിയ പാർക്കിംഗ് സ്പേസുകളിൽ വലിയ കാർ എന്നത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കാം.
ഇത്രയും സൗകര്യങ്ങൾക്ക് കിയ ആവശ്യപ്പെടുന്നത് 30 ലക്ഷം രൂപയ്ക്കടുത്താണ്(എക്സ് ഷോറൂം വില). കിയയുടെ, ഇന്ത്യയിലെ മുൻനിര കാർ ആയി മാറും കാർണിവൽ എന്നത് തീർച്ച. ഒരു കോംപ്രമൈസും ചെയ്യാൻ തയ്യാറാകാത്ത ഫാമിലി കാർ എന്ന നിലയ്ക്ക് കാർണിവൽ സ്വീകരിക്കപ്പെടും. നീണ്ട നിര ഫീച്ചറുകൾ, ലക്ഷ്വറി, കംഫർട്ട് എന്നിവ നൽകുന്ന കാർണിവൽ, പ്രീമിയം എസ് യു വി വാങ്ങുന്നതിനേക്കാൾ ലാഭകരമാണ്. ഇതൊക്കെയാണ് നിങ്ങൾ ഒരു കാറിൽ ആഗ്രഹിക്കുന്നതെങ്കിൽ വലിയൊരു പാർക്കിങ് സ്പേസ് കൂടി കണ്ടെത്തിക്കൊള്ളൂ!